പനി ബാധിച്ച് സഹോദരങ്ങള്‍ മരിച്ച സംഭവം : ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്


കോഴിക്കോട്: ജില്ലയിലെ കുറ്റ്യാടി, കടിയങ്ങാട്, പേരാമ്പ്ര എന്നിവിടങ്ങളിൽ കണ്ടു വരുന്ന പ്രത്യേക തരം വൈറസിനെ കരുതിയിരിക്കണമെന്നും എങ്ങനെ ചികില്സിക്കണമെന്നുപോലും ആർക്കും അറിയില്ലെന്നുമുള്ള വാട്സ് ആപ്പ് സന്ദേശങ്ങളിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ. ചങ്ങരോത്ത് ഗ്രാമപ്പഞ്ചായത്തിലെ സൂപ്പിക്കടയിൽ സഹോദരങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പനി ബാധിച്ച് മരിച്ച സംഭവത്തിൽ ആശങ്ക തുടരുന്ന സാഹചര്യത്തിൽ നഗരത്തിലെ എമർജൻസി കെയർ ഡോക്ടർമാരുടെ യോഗം ബേബിമെമ്മോറിയൽ ആസ്പത്രിയിൽ ചേർന്നു.

ജനങ്ങളിലേക്ക് അടിയന്തിരമായി എത്തിക്കണമെന്ന രീതിയിൽ വാട്സ് ആപ്പിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ തങ്ങളുടെ അറിവോടുകൂടിയല്ലെന്ന് അഡീഷണൽ ഡി.എം.ഒ ഡോ.ആഷ വ്യക്തമാക്കി. പനിക്കുള്ള പരിശോധനകളിലൊന്നും പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും വിദഗ്ധ പരിശോധനയ്ക്കായി മണിപ്പാൽ ആസ്പത്രിയിലേക്ക് സാംപിളുകൾ അയച്ചിരിക്കുകയാണെന്നും ഇവർ വ്യക്തമാക്കി.

വളച്ചുകെട്ടിയിൽ മൂസ-മറിയം ദമ്പതിമാരുടെ മക്കളായ സ്വാലിഹ് (26), സഹോദരൻ( സാബിത്ത് (23) എന്നിവരാണ് കോഴിക്കോട് ജില്ലയിൽ രണ്ടാഴ്ചയ്ക്കുള്ളിൽ പനി ബാധിച്ച് മരിച്ചത്. വൈറൽ എൻസഫിലിറ്റിസ് വിത്ത് മയോക്കോഡൈറ്റിസ് ആണ് മരണകാരണമായ പനി.മൂസയും(62) സ്വാലിഹിന്റെ ഭാര്യ ആത്തിഫ (19)യും മൂസയുടെ ജ്യേഷ്ഠൻ മൊയ്തീൻ ഹാജിയുടെ ഭാര്യ മറിയവും (50) പനി ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്.

സിവിൽ എൻജിനീയറായ സ്വാലിഹിനെ പനി ബാധിച്ച് മെയ് 13 നാണ് കുറ്റ്യാടി താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് പേരാമ്പ്രയിലെ സഹകരണ ആസ്പത്രിയിലും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതർ സമീപവാസികളുടെയും അടുത്ത ബന്ധുക്കളുടെയും രക്തസാംപിളുകൾ പരിശോധനയ്ക്ക് കൊണ്ടുപോയി.

നിപാ വൈറസാണ്മരണത്തിന് പിന്നിലെന്നാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്.മനുഷ്യനിലും മൃഗങ്ങളിലും ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്ന നിപാ വൈറസ്മൂലമുള്ള അസുഖം 1998 ൽ മലേഷ്യയിലാണ് ആദ്യമായി സ്ഥിരീകരിച്ചത്. പന്നികളായിരുന്നു വൈറസിന്റെ വാഹകർ.
ബംഗ്ളാദേശിൽ 2004 ൽ നിപാ വൈറസ് ബാധ കണ്ടെത്തിയിരുന്നു. രോഗാണുവാഹകരായ വവ്വാലുകളാൽ മലിനമാക്കപ്പെട്ട ഈന്തപ്പഴം കഴിച്ചതുകൊണ്ടായിരുന്നു മനുഷ്യരിൽ നിപാ വൈറസ് ബാധിച്ചത്. ഇതുകൂടാതെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും വൈറസ് ബാധ ഉണ്ടായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2001 ലും 2007 ലും വെസ്റ്റ് ബംഗാളിലും ബംഗ്ളാദേശിന്റെ അതിർത്തിയിലും നിപാ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.  (Courtesy:Mathrubhumi)

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വളാഞ്ചേരി നഗരസഭാ സമ്പൂർണ്ണ പാർപ്പിട പദ്ധതിക്ക് തുടക്കമായി

നാറാണത്തു ഭ്രാന്തന്റെ സ്മൃതിയിൽ ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം തുലാം 1 (ഒക്ടോബർ 17) ന്

പെരിന്തൽമണ്ണ ഉപജില്ല സ്കൂൾ കലോത്സവം ലോഗോ പ്രകാശനം ചെയ്തു